Latest Updates

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 82080 എന്ന നിലയിലേക്കും വില ഉയര്‍ന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി വിലയില്‍ ഇടിവ് നേരിട്ടെങ്കിലും വെള്ളിയാഴ്ച വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വര്‍ധനയോടെ ഈ മാസത്തെ ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധന്‍ വ്യാഴം ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ പവന് 120 രൂപയായിരുന്നു വെള്ളിയാഴ്ച മാത്രം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയായി. 10,205 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുഎസ് പലിശ നിരക്ക് കുറച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയുടെ ഇടിവിന് കാരണമായത്. രാജ്യാന്തര സ്വര്‍ണ വില ഇതോടെ 3627 ഡോളര്‍ എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു. 3698 ഡോളറായിരുന്നതാണ് ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് വില ഉയര്‍ന്നത്.

Get Newsletter

Advertisement

PREVIOUS Choice